Kainos Ministries
The WORD OF GOD
for the New Generation
Revealed on Friday 12 February 2016 at 9.30 am
വിളഞ്ഞു പാകമായ കതിർ കൊയ്തെടുക്കുന്നു.
അതിനെ മെതിച്ചു ധാന്യമണികളാക്കുന്നു. വീണ്ടും അതിനെ പാറ്റി ക്കൊഴിച്ചു ശ്രേഷ്ടമായതിനെ മാത്രം തെരഞ്ഞെടുക്കുന്നു. ആ ധാന്യമണിയെ വീണ്ടും കുത്തിപ്പൊടിച്ചു മാവാക്കി കലത്തിൽ സൂക്ഷിക്കുന്നു. ആ മാവ് ചുട്ടെടുക്കുമ്പോൾ സ്വാദിഷ്ടമായ ഭോജനമായി മാറ്റപ്പെടുന്നു.
നോക്കൂ, ഏറ്റവും ഉത്തമമായ കതിർ ആയിരിക്കെത്തന്നെ ഏതെല്ലാം തരത്തിലുള്ള മർദ്ദനങ്ങളും കൊഴിക്കലുകളും അതിനു നേരെ നടന്നിരിക്കുന്നു. അതിന്റെ ഓരോ ഘട്ടങ്ങളിലും, അതിനെ കൂടുതൽ കൂടുതൽ ശ്രേഷ്ടമാക്കികൊണ്ടിരിക്കുന്നു. മനോഹരമായ ആ കതിരിനെ ഇടിച്ചു പൊടിച്ചു മാവാക്കിയപ്പോഴും അത് കൂടുതൽ ശ്രേഷ്ടമായതേയുള്ളു. അത് കൂടുതൽ യോഗ്യമായതേയുള്ളു. കണ്ണിനു കാണുമ്പോൾ അതിന്റെ മനോഹാരിത നഷ്ടപ്പെട്ടിരിക്കുന്നു പക്ഷെ കലത്തിലായപ്പോൾ അത് ഭക്ഷണത്തിനു യോഗ്യമായ മാവായി മാറിയിരിക്കുന്നു. വിളഞ്ഞു പാകമായ കതിർ കൊയ്തു എടുത്താലെ യോഗ്യമായ മാവുണ്ടാക്കാൻ പറ്റുകയുള്ളു.
പതിർ പാറ്റുമ്പോഴേ കൊഴിഞ്ഞു പോകും. കൊഴിഞ്ഞു പോയ പതിരിൽ ഒരു കാറ്റു അടിച്ചാൽ അതെവിടെയെങ്കിലും പോകും . നിഷ്പ്രയോജനമായ പതിർ അടിച്ചു വാരി തീയിലിടുന്നു.
തീയിലിട്ട പതിർ കത്തിപ്പോയപ്പോഴും അനേക ഘട്ടങ്ങളിലൂടെ കടന്നു പോയ മാവ് കലത്തിൽ ഇരിക്കുന്നു. വിശക്കുന്നവനു ആ മാവ് തൃപ്തി നൽകുന്നു. അവന്റെ ശരീരത്തിൽ പുതിയ ജീവകോശങ്ങൾ രൂപം കൊള്ളുന്നു.
ശ്രേഷ്ഠമായത് ഏത് ഘട്ടങ്ങളിലൂടെ കടന്നു പോയാലും ശ്രേഷ്ഠം തന്നെ. ദൈവമായ കർത്താവ് നന്മയായതിനെ താങ്ങുന്നു, തിന്മയായതിനെ തള്ളുന്നു.
ദൈവ വചനത്തിൽ വിശ്വസിക്കുവിൻ. വചനം ശ്രേഷ്ട വും സമ്പുഷ്ടവുമായി എന്നും ജീവിക്കുന്നു.
ആമേൻ.
End 9:55 am