Kainos Ministries
The WORD OF GOD
for the New Generation
Revealed on Monday 27 April 2015 at 4.50pm
തൃണമൂൽ കോൺഗ്രസ്
എന്റെ ഭാരത രാജ്യത്തിലെ ഒരു രാഷ്ട്രീയ പാർട്ടിയുടെ പേരാണത്. ഭാരതത്തിലിന്നു രാഷ്ട്രീയ പാർട്ടികളുടെ എണ്ണം അനുദിനം പെരുകിക്കൊണ്ടിരിക്കുന്നു .
നാട്ടു രാജാക്കന്മാരുടെയും ചക്രവർത്തിമാരുടെയും കൈകളിലായിരുന്ന ഭാരതം വിദേശികൾ കൈയേറിയപ്പോൾ രാജഭരണങ്ങൾ ഇന്ത്യയിൽ നിന്നും മാഞ്ഞു കൊണ്ടിരുന്നു. പിന്നീട് മറ്റൊരു വിദേശ രാജ്യത്തിന്റെ അടിമത്വത്തിൽ നിന്ന് രക്ഷ നേടുന്നതിന് ഭാരതീയർ ഒളിഞ്ഞും പാത്തും കൊച്ചു കൊച്ചു സഭകൾ കൂടി, ആലോചനകൾ നടത്തി, രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടുവാൻ തീരുമാനിച്ചു.
വിദേശികൾ ഇന്ത്യയിൽ സ്ഥാപിച്ചിട്ടുള്ള കൂറ്റൻ കെട്ടിടങ്ങളും കൂറ്റൻ ഇരുമ്പു ഗേറ്റുകളും ഇന്ന് സ്വതന്ത്ര ഭാരതത്തിൽ ഒരു സ്മാരകം പോലെ നില നിൽക്കുന്നുണ്ട്. ഉറപ്പുള്ളകെട്ടിടങ്ങൾ - ചിലതൊക്കെ പുതുക്കി പണിതും ചിലതൊക്കെ ആ പഴമയിൽ തന്നെ ഉപയോഗിക്കുന്നതായും ഇന്നു കാണുന്നുണ്ട് . പലയിടങ്ങളിലും വിദേശികൾ സ്ഥാപിച്ച ഈ കെട്ടിടങ്ങൾ പെട്ടെന്ന് തിരിച്ചറിയാൻ സാധിക്കും. അവ നൂറ്റാണ്ടുകൾ പിന്നിട്ടിട്ടും ഉറപ്പോടെ നിൽക്കുന്നു. അവർ അവരുടെ സാമ്രാജ്യം ഇന്ത്യയിൽ സ്ഥാപിക്കാൻ ശ്രമിച്ചപ്പോഴും തങ്ങളുടെ സ്വന്തമല്ലാത്ത രാജ്യത്തു അവർ ഉറപ്പുള്ള പട്ടണങ്ങൾ പണിതു.
ഇതിനിടയിലും ഭാരതീയരെ കഠിനമായ വേല ചെയ്യിച്ചും ഉപദ്രവിച്ചും ദാരുണമായി കൊലപ്പെടുത്തിയും അവർ തങ്ങളുടെ സാമ്രാജ്യത്ത്വ ശക്തിയെ ഉറപ്പിച്ചു പോന്നു. ഭാരതത്തിലെ ദേശഭക്തരായ, അടുത്ത തലമുറയെക്കുറിച്ചു കരുതലുള്ള അനേകം പേർ വിദേശികളുടെ തോക്കിനു ഇരയായിത്തീർന്നു. സ്വാതന്ത്ര്യത്തിനു വേണ്ടി മരണം വരിച്ചവർ അനേകായിരങ്ങൾ.
ബ്രിട്ടീഷുകാർ പാലായനം ചെയ്ത ഉടനെ തന്നെ അനേക രക്ത സാക്ഷികളുടെ ഫലമായി രൂപം കൊണ്ട സ്വതന്ത്ര ഭാരതം ആദ്യമേ തന്നെ പിളർന്നു. പിന്നീട് ഓരോ രാഷ്ട്രീയ പാർട്ടികൾ രൂപം കൊള്ളുകയും അടിക്കടി പിളരുകയും ചെയ്തു കൊണ്ടിരുന്നു.
കോൺഗ്രസ്സിന്റെ പിളർപ്പ് സഭയുടെ പിളർപ്പ്.
പുതിയ പുതിയ പേരുകളിൽ പുല്ലു പോലെ രാഷ്ട്രീയ പാർട്ടികൾ മുളയ്ക്കാൻ തുടങ്ങി. തൃണമൂൽ കോൺഗ്രസ്. ഇങ്ങനെയുള്ള പാർട്ടികളുടെ പേരിനു പുല്ലിന്റെ വേരിനോളം ശക്തിയുണ്ടോ എന്ന് സംശയം.
ഭാരതത്തിന്റെ വടക്കൻ സംസ്ഥാനങ്ങളിലും , തെക്കൻ സംസ്ഥാനങ്ങളിലും എന്ന് വേണ്ട അനേക സംസ്ഥാനങ്ങളിലൂടെ ജോലിക്കായും ദൈവീക ശുശ്രൂഷകൾക്കായും ഞാൻ കടന്നു ചെന്നപ്പോഴൊക്കെ ഞാൻ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്; കൂടാതെ കൂടുതൽ ശമ്പളമില്ലാത്ത ജോലിയും വലിയ സുരക്ഷാ സംവിധാനങ്ങൾ ഇല്ലാത്ത താമസ സ്ഥലവും കണ്ടപ്പോൾ ഞാൻ എന്നോട് തന്നെ ചോദിച്ചു, ഞാൻ എങ്ങനെ ഇവിടെയെത്തി? അപ്പോഴൊക്കെ ഞാൻ സമാധാനിച്ചു; ഒരു പക്ഷെ ദൈവത്തിന്റെ നടത്തിപ്പായിരിക്കാം.
ഭാരതത്തിന്റെ തലസ്ഥാന നഗരിയിലെ ചേരി പ്രദേശങ്ങളിലേക്ക് എന്റെ കണ്ണെത്തുമ്പോൾ നിസ്സഹായത്തോടെ ഞാൻ ഓർക്കാറുണ്ട്. ഭരണാധികാരികൾ ഇവരെ കാണാറില്ലേ ? ഈ അഴുക്കു ചാലിൽ ഇവരെങ്ങനെ ജീവിക്കും?
ഇന്ന് ഞാൻ കമ്പ്യൂട്ടർ തുറക്കുമ്പോൾ, ഇന്റർനെറ്റിൽ ഇന്ത്യയുടെ മനോഹര ദൃശ്യങ്ങൾ ധാരാളം കാണുന്നുണ്ട് . നീല കുറിഞ്ഞി പൂത്ത മൂന്നാർ , അതി നിബിഡങ്ങളായ വനങ്ങൾ , ഇന്ത്യയുടെ മനോഹാരിതയെ പുകഴ്ത്തുന്ന എഴുത്തുകാരുടെ വരികൾ അവിടവിടെ ഞാൻ വായിച്ചിട്ടുണ്ട്.
അഴുക്കു ചാലിൽ കിടക്കുന്നവരുടെ ദീനത ഞരക്കമായി ഇന്നും ഒതുങ്ങിക്കൂടുന്നു. നദികളൊക്കെ വറ്റി വരണ്ടു അഴുക്കു ചാലുകളായി തീർന്നിരിക്കുന്നു. രോഗികൾക്കുള്ള പ്രതിരോധ നടപടികളായി കൂറ്റൻ ആശുപത്രികൾ ആരംഭിച്ചിരിക്കുന്നു. അഴുക്കു ചാലുകളിൽ കൊതുകു കൂടു കൂട്ടിയിരിക്കുന്നത് പോലെ ഭാരതത്തിന്റെ മഹാ നഗരങ്ങളിൽ പട്ടിണി പാവങ്ങൾ പുഴുക്കളെപ്പോലെ നുരഞ്ഞു ജീവിക്കുമ്പോൾ ആയിരക്കണക്കിന് ഏക്കർ ഭാരത ഭൂമി പീഠ ഭൂമികളായി പ്രയോജനപ്പെടുത്താതെ കിടക്കുന്നു.
ഒരാൾ ഞാൻ പട്ടിണിക്കാരുടെ നേതാവെന്ന് പേരെടുക്കുമ്പോൾ മറ്റൊരാൾ പട്ടിണിക്കാരുടെ കൂടെനിന്നു ഫോട്ടോ എടുക്കുന്നു. ഇവർ ഇരുവരെയും കളിയാക്കുന്ന മറ്റൊരു വിദ്വാൻ. ഇന്ന് ഭാരതം രാഷ്ട്രീയ നേതാക്കന്മാരുടെ കൈകളിൽ ഒതുങ്ങിയിരിക്കുന്നു. ഞാൻ പട്ടിണിക്കാരെ പട്ടിണിയിൽ നിന്ന് മറ്റുന്ന നേതാവെന്ന സദുദ്ദേശം അവരുടെ വാക്കുകളിൽ മാത്രം ഒതുങ്ങിപ്പോകുന്നു.
നീലക്കുറിഞ്ഞി പൂത്തത് ഇവരാരും വച്ച് പിടിപ്പിച്ചിട്ടല്ല. ആ സൗന്ദര്യം മനുഷ്യർക്ക് അവകാശപ്പെടാവുന്നതല്ല.
പലപ്പോഴും ഞാൻ ചിന്തിച്ചിട്ടുണ്ട്, വിദേശികൾ ഇവിടെ സ്ഥാപിച്ചിട്ടുള്ള ഉറപ്പുള്ള കെട്ടിടങ്ങൾ കണ്ടിട്ടെങ്കിലും ഇവിടുത്തെ ജനത്തിനു പഠിച്ചു കൂടെ എന്ന്.
ഇവിടെ രാഷ്ട്രീയ പാർട്ടികളുടെ എണ്ണം വർദ്ധിക്കുന്നതല്ലാതെ ഗുണം വർദ്ധിക്കുന്നതായി കാണുന്നില്ല. ചതിയും വഞ്ചനയും കൊള്ളി വെപ്പും തന്നെ. തമ്മിൽ തല്ലിക്കുന്നു കൊല്ലിക്കുന്നു. വിഗ്രഹങ്ങളെ ആരാധിക്കുന്നവൻ ആ വിഗ്രഹത്തെപ്പോലെ എന്ന് ഞാൻ തിരുവെഴുത്തുകളിൽ വായിച്ചിട്ടുണ്ട്.
സ്ത്രീ സ്വാതന്ത്ര്യത്തിനു വേണ്ടി തങ്ങളുടെ ഭാര്യമാരെ സമരം ചെയ്യാൻ പുറത്തേയ്ക്കു ഇറക്കി വിടുന്ന ഭർത്താക്കന്മാർ. വാസ്തവത്തിൽ ഇവിടെ സ്ത്രീ സ്ത്രീയോട് തന്നെ മത്സരിക്കുന്നു. മരുമകൾ അമ്മായിയമ്മയോട്, നാത്തൂന്മാർ പരസ്പരം, സഹോദരിമാർ പരസ്പരം, ഒരു സ്ത്രീ സംഘടന മറ്റൊരു സ്ത്രീ സംഘടനയോട്.
വിദ്യാസമ്പന്നരായ ഉദ്യോഗത്തിന്റെ ഉന്നത സ്ഥാനം വഹിക്കുന്ന സ്ത്രീകളോട് ദൈവത്തിന്റെ പരിശുദ്ധാത്മാവ് ചോദിക്കുന്നു. നീ എന്തിനു സ്വാതന്ത്ര്യത്തിനായി മുറവിളി കൂട്ടുന്നു. നിനക്ക് വിദ്യാഭ്യാസമില്ലേ ? നിനക്ക് ഭർത്താവിനെ ലഭിച്ചില്ലേ ? സമൂഹത്തിൽ മാന്യമായ സ്ഥാനമില്ലേ ? നീ നിന്റെ അമ്മായിയമ്മയോടു മത്സരിച്ചു പട്ടണത്തിലെത്തി മൈക്കിലൂടെ പ്രസംഗിക്കുമ്പോൾ നിന്റെ അമ്മായിയമ്മ നിനക്കെതിരെ മറ്റൊരിടത്തു പ്രസംഗിച്ചു കൊണ്ടിരിക്കുന്നു. നീ നിന്റെ ഭർത്താവിനെ ന്യായാധിപ സഭകളിലും സമൂഹത്തിലും തരം താഴ്ത്തുമ്പോൾ മറ്റൊരു പുരുഷന്റെ പിൻബലം നിനക്ക് ലഭിക്കുന്നില്ലേ? നീ ചെയ്യുന്നത് സദാചാരമോ ?
ഹേ! പുരുഷന്മാരെ, നിങ്ങളുടെ ഭാര്യമാർ നിങ്ങൾക്ക് ഒരുക്കിത്തരുന്ന ഭക്ഷണം കഴിച്ചു കൊണ്ടല്ലേ നീ അന്യ സ്ത്രീകളുടെ നാശത്തിനു വേണ്ടി അവരെ തെരുവിൽ പരസ്യമാക്കുന്നത്? ദൈവത്തിന്റെ പരിശുദ്ധാത്മാവ് നിന്നെ സഹായിക്കാതവണ്ണം. സത്യം നിനക്ക് വെളിപ്പെടാതവണ്ണം നീ പിശാചിനെ കൂട്ട് പിടിച്ചിരിക്കുന്നുവല്ലോ.
ഓരോരുത്തരും അവരവരുടെ ഭാര്യമാരെ സ്നേഹിപ്പിൻ. അവരവരുടെ പെണ്മക്കളെ സ്നേഹത്തിൽ വളർത്തുവിൻ. നിന്റെ മക്കളെ മത്സരിക്കാനായി പറഞ്ഞയക്കാതെ സ്നേഹം പങ്കു വയ്ക്കുവാൻ പഠിപ്പിക്കുവിൻ. സ്നേഹം ഒരുനാളും നശിച്ചു പോകയില്ല. സ്നേഹം നിഗളിക്കുകയില്ല. സ്നേഹം ആത്മാവാകുന്നു.
ദൈവം സ്നേഹം തന്നെ. .
End 5:40 pm