Kainos Ministries
The WORD OF GOD
for the New Generation
Revealed on 21 April 2015 Tuesday at 7.25 am
സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ
ഞങ്ങൾക്ക് ആവശ്യമുള്ള ആഹാരം ഇന്ന് ഞങ്ങൾക്ക് നൽകണമേ,
നിങ്ങൾ എങ്ങനെ പ്രാർത്ഥിക്കണമെന്നു കർത്താവ് തന്റെ ശിഷ്യന്മാരെ പഠിപ്പിച്ചു.
എന്നാൽ ഇന്ന് നിങ്ങൾ കർത്താവ് ശിഷ്യന്മാരെ പഠിപ്പിച്ച പ്രാർത്ഥനയെ കർത്താവിന്റെ പ്രാർത്ഥനയായി മാറ്റിയിരിക്കുന്നു.
കാലം കൊണ്ടും പ്രായം കൊണ്ടും നിങ്ങൾ ഇത്രത്തോളം വളർന്നിട്ടും, നിങ്ങളെ ഇപ്പോഴും ബാലപാഠങ്ങൾ പഠിപ്പിക്കേണ്ട സ്ഥിതിയിലായിരിക്കുന്നു.
പഠിക്കാനും ജയിക്കാനും ആഗ്രഹമുള്ളവർ എന്റെ പാഠങ്ങളിൽ ശ്രദ്ധയൂന്നിക്കൊൾക. സകലരും എന്റെ പാഠങ്ങളിൽ ശ്രദ്ധയൂന്നിക്കൊള്ളണമെന്നു ഞാൻ കൽപ്പിക്കുന്നു.
എന്റെ നാമത്തിൽ നിങ്ങൾ പിതാവിനോട് ചോദിക്കുന്നതെന്തും ഞാൻ നിങ്ങൾക്കു ചെയ്തു തരും എന്ന് കർത്താവ് അരുളി ചെയ്തിരിക്കുന്നുവല്ലോ. നിങ്ങളുടെ കർത്താവ് നിങ്ങളുടെ പിതാവ് തന്നെ.
വീണ്ടും ഞാൻ നിങ്ങളോടു പറയുന്നു. കർത്താവായ യേശു ക്രിസ്തുവിൽ വിശ്വസിച്ചു കൊൾക.
നിങ്ങളുടെ പ്രാർത്ഥനകളും യാചനകളും നിങ്ങളുടെ പിതാവിനോടായിരിക്കട്ടെ. നിങ്ങളുടെ പ്രാർത്ഥനകൾ കർത്താവിനു ഹിതകരമാം വണ്ണം ആയിരിക്കട്ടെ.
അത്യാഗ്രഹത്തോടെ വാരിക്കൂട്ടിയവരുടെ മന്ന കൃമിച്ചു നാറിയതു നിങ്ങൾ കണ്ടിട്ടില്ലേ?
കൃമിയും പുഴുവും ജന്തുക്കളും വൃക്ഷ ലതാദികളും അതതിന്റെ ധർമ്മം അനസ്യൂതം തുടർന്ന് കൊണ്ടേയിരിക്കുന്നു. ഇവയൊക്കെയും ഞാൻ നിന്റെ കൺവെട്ടത്ത് തന്നേയല്ലോ തന്നിരിക്കുന്നത്.
ഞാൻ നിങ്ങൾക്കു തന്നിട്ടുള്ള പാഠങ്ങൾ എനിക്കുള്ള പാഠങ്ങളായി നിങ്ങൾ ദുർവ്യാഖ്യാനം ചെയ്തിരിക്കുന്നു. അത്യുന്നതനായ കർത്താവ്, അവനെക്കാൾ വലിയവനായി മറ്റാരുമില്ലാത്തിടത്തു ഒരു പ്രാർത്ഥന കഴിക്കുകയോ ?
ഇനിയും നിങ്ങൾ പിതാക്കന്മാരെപ്പോലെ അസംബന്ധം പുലമ്പാതെ, മുറുമുറുപ്പ് കൂടാതെ, നികൃഷ്ടമായ വിഗ്രഹാരാധന പോലെയുള്ള അത്യാഗ്രഹം കൂടാതെ, കർത്താവിന്റെ വചനത്തെ മുറുകെപ്പിടിച്ചു കൊൾക.
നിങ്ങളുടെ പ്രാർത്ഥനകൾ ഇവ്വണ്ണമായിരിക്കട്ടെ:
സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ.
നിന്റെ രാജ്യം വരേണമേ,
നിന്റെ നാമം വിശുദ്ധീകരിക്കപ്പെടേണമേ.
എന്റെ നാമം നിന്നിലാണ് വിശുദ്ധീകരിക്കപ്പെടേണ്ടത്. നീ പിതാവിന്റെ രാജ്യത്തിൽ വസിക്കേണ്ടവൻ.
സ്വർഗത്തിൽ പിതാവിന്റെ ഇഷ്ടം നടക്കുന്നത് പോലെ, നിന്നിലും പിതാവിന്റെ ഇഷ്ടം നിറവേറ്റപ്പെടുവാൻ നീ അവനു വിധേയനായിരിക്കുക.
നീ പിതാവിനോട് യാചനകൾ കഴിക്കുമ്പോൾ, രഹസ്യത്തിൽ നിന്റെ പിതാവിനോട്, നിന്റെ കൂടെയുള്ളവർക്കും വേണ്ടി യാചിക്കുക.
നീ നിന്റെ പിതാവിനോട് യാചന കഴിക്കുന്നത് പോലെ, നിന്നോട് യാചന കഴിക്കുന്നവരെ നീ മറക്കാതിരിക്കുക.
പിശാച് നിങ്ങളെ കാറ്റു പോലെ പാറ്റിക്കളയാതവണ്ണം നിങ്ങളുടെ പിതാവിനോട് ചേർന്നിരിക്കുക,
നിന്റെ ജീവിതത്തിൽ കർത്താവിന്റെ നാമം മഹത്വപ്പെടട്ടെ.
End 7.54am