
Kainos Ministries
The WORD OF GOD
for the New Generation
നന്മയും തിന്മയും ഈ ഭൂമിയിലുണ്ട് .
രഹസ്യവും പരസ്യവുമുണ്ട് . നിഗൂഢമായതും വെളിവായതുമുണ്ട് . വെളിച്ചവും ഇരുളുമുണ്ട് . ദുഷ്ടനും ശിഷ്ടനുമുണ്ട്. അനുഗ്രഹവും ശാപവുമുണ്ട്. രക്ഷയും ശിക്ഷയുമുണ്ട്.. ഇവയൊക്കെയും യഹോവയായ ദൈവം സൃഷ്ടിച്ചിരിക്കുന്നു. അനർത്ഥ ദിവസത്തിനായി ഞാൻ സാത്താനെയും സൃഷ്ടിച്ചിരിക്കുന്നു എന്നെഴുതിയിരിക്കുന്നുവല്ലോ .
മനുഷ്യനും മൃഗങ്ങളും .
മനുഷ്യന് വേണ്ടി യഹോവയായ ദൈവം മൃഗങ്ങളെ സൃഷ്ടിച്ചിരിക്കുന്നു. യിസ്രായേലിൽ യഹോവയായ ദൈവം മൃഗങ്ങളുടെ വിത്തു പാകിയിരിക്കുന്നു. (യിര .31 :27)
നിങ്ങൾ കണ്ണിനു കാണുന്നതിൽ വിശ്വസിക്കുന്നു . നിങ്ങൾ കണ്ണിനു കാണുന്നതിൽ വിധി കൽപ്പിക്കുന്നു .
കണ്ണിനു കാണുന്നതിൽ വിധികല്പിക്കാതെ കണ്ണിനു കാണുന്നതിനാൽ ന്യായം വിധിക്കാത്തവനായി യഹോവയായ ദൈവം ജഡത്തിൽ തന്റെ പുത്രനെ അയച്ചു.
സ്വർഗാധി നാഥനായ ദൈവത്തെ ആരാധിക്കുന്നു എന്നു പറയുന്നവർ, ആത്മാവാം ദൈവത്തെ ആരാധിക്കുന്നു എന്നു ഘോഷിക്കുന്നവർ ജഡത്തിൽ ആത്മാവായ ദൈവത്തെ ആരാധിച്ചു.
ആത്മാവായ ദൈവത്തെ ആത്മാവിൽ അല്ലയോ ആരാധിക്കേണ്ടത്. ?
നിങ്ങൾ ജ്ഞാനികൾ എന്നു നടിക്കുന്നു. ജ്ഞാനം യഹോവയിങ്കൽ നിന്ന് വരുന്നു.
വിശുദ്ധിയിൽ നിന്ന് എത്ര പേർ ജ്ഞാനം ഗ്രഹിച്ചു? .
ആത്മാവിന്റെ പ്രവൃത്തികൾ എത്ര പേർ ജഡത്തിൽ നിർവഹിച്ചു ?
ഒരു വശം കണ്ടവർ മറു പുറം ഉണ്ടെന്നു എത്ര പേർ തിരിച്ചറിഞ്ഞു ?
യഹോവയായ ദൈവത്തിന്റെ പ്രവൃത്തികൾ ഇപ്പോഴും ഗൂഢമായും വെളിവായും നടന്നു കൊണ്ടിരിക്കുന്നു.
യെഹോവയിൽ ആശ്രയിക്കുന്നവന് മാത്രം അത് വെളിപ്പെടുന്നു
നിന്നെപ്പോലെ നിന്റെ അയൽക്കാരനെയും സ്നേഹിക്കുക എന്ന തിരുവചനം അറിയാവുന്നവരേ, നിങ്ങളിൽ അധികമായി കാണുന്നത് ഏതു സ്വഭാവമെന്നു തിരിച്ചറിയുവിൻ.
മാനുഷികമോ ? അതോ മൃഗീയമോ ?
ദൈവത്തെ വിളിക്കുന്നവരേ, നിങ്ങളുടെ വിളി ദൈവം കേട്ടു എന്നു നിങ്ങൾ വിശ്വസിക്കുന്നുവോ ?
സദാ കണ്ണുകളും കാതുകളും തുറന്നിരിക്കുന്ന ദൈവം നിങ്ങൾക്ക് തന്ന മറുപടി നിങ്ങൾ ഗ്രഹിക്കുമ്പോൾ , ദൈവത്തെ സ്തുതിക്കുന്നു എന്നു പറയുന്നവരേ,
ചുറ്റിനും നിൽക്കുന്നവർ കാണാൻ വേണ്ടി നിങ്ങൾ കാണിക്കുന്ന നൃത്തങ്ങളും വാദ്യങ്ങളും ചൂളം വിളികളും നിങ്ങളെ തന്നെ രോഗികളാക്കി മാറ്റുന്നു.
മക്കളെ ശപിക്കുന്നവരേ, നിങ്ങളുടെ പ്രവൃത്തികൾക്ക് നിങ്ങള്ക്ക് കിട്ടിയ പ്രതിഫലം നിങ്ങൾ വ്യർത്ഥമാക്കി കളഞ്ഞല്ലോ
പാമ്പിൻ പൊത്തിൽ കയ്യിട്ടാൽ കടി കിട്ടും എന്നു അറിയാവുന്ന നിങ്ങൾ എന്തിനു നിങ്ങളുടെ മക്കളെ അണലി മുട്ടയ്ക്ക് പൊരുന്നിരിക്കാൻ പഠിപ്പിക്കുന്നു ?
തനിയെ വിരിയാത്ത കോഴിമുട്ടയിൽ നിന്ന് പാകമായ വളർച്ചയെത്തിയ കോഴിക്കുഞ്ഞുങ്ങൾ പുറത്തു വരികയില്ല എന്നു നിങ്ങൾ അറിഞ്ഞിരിക്കെ, നിങ്ങൾ നിങ്ങളുടെ ഗർഭ പാത്രങ്ങളെ തുറക്കുന്നു .
നിങ്ങളുടെ ഹൃദയ കാഠിന്യവും കൃത്രിമത്വവും യഹോവയായ ദൈവം സദാ കണ്ടുകൊണ്ടിരിക്കുന്നു, യഹോവയായ ദൈവം സകലവും കാണുന്നു സകലവും അറിയുന്നു .
മനുഷ്യരെയും മൃഗങ്ങളെയും വേർതിരിക്കുവിൻ .
യിസ്രായേലിന്റെ സന്തതികളേ, യാക്കോബിന്റെ മക്കളേ, നിങ്ങളിപ്പോൾ അടയാളങ്ങൾ തിരയുന്നു . നിങ്ങളുടെ മുന്നിൽ വച്ചിരിക്കുന്ന അടയാളങ്ങൾ കണ്ടിട്ടും നിങ്ങൾ പഠിക്കുന്നില്ലല്ലോ .
നിങ്ങളുടെയിടയിൽ മൃഗങ്ങൾ മെത്തമേൽ കിടക്കുന്നു. മനുഷ്യർ പൂഴിയിൽ കിടക്കുന്നു..
നിങ്ങളുടെയിടയിൽ മൃഗങ്ങൾ സ്വാദു ഭോജനം കഴിക്കുന്നു,. മനുഷ്യർ പട്ടിണി കിടക്കുന്നു .
നിങ്ങളുടെയിടയിൽ മൃഗങ്ങൾ യന്ത്രങ്ങൾ പ്രവൃത്തിപ്പിക്കുന്നു . മനുഷ്യർ നിഷ്ക്രിയരായിരിക്കുന്നു .
നിങ്ങളുടെയിടയിൽ മൃഗങ്ങൾ വസ്ത്രം ധരിക്കുന്നു . മനുഷ്യർ നഗ്നരായിരിക്കുന്നു .
നിങ്ങളുടെയിടയിൽ മൃഗങ്ങൾ സുഗന്ധ തൈലം പൂശുന്നു. മനുഷ്യരിൽ നിന്ന് ദുർഗന്ധം വമിക്കുന്നു .
സകലവും കാണുന്ന ദൈവം സകലത്തെയും അറിയുന്ന യഹോവ നിങ്ങളുടെ ഹൃദയ വിചാരങ്ങളെ തൊട്ടറിയുന്നു.
വീണിരിക്കുന്നു എന്നു തോന്നുന്നവൻ എഴുന്നേൽക്കുവിൻ , ഇതാ യഹോവയുടെ കരം നിന്റെ മേലെയുണ്ട്.
തകർന്നിരിക്കുന്നു എന്നു തോന്നുന്നവൻ നിലവിളിക്കുവിൻ . ഇതാ യഹോവയുടെ കാതുകൾ തുറന്നിരിക്കുന്നു .
നഷ്ടപ്പെട്ടു എന്നു തോന്നുന്നവൻ അന്വേഷിക്കുവിൻ . ഇതാ ദൈവമായ കർത്താവ് നിന്റെ അരികിൽ തന്നെയുണ്ട് .
രക്ഷയില്ല എന്നു തോന്നുന്നവൻ വിളിച്ചപേക്ഷിക്കുവിൻ. ഇതാ രക്ഷകന്റെ ആത്മാവ് സദാ ജാഗരിച്ചിരിക്കുന്നു.
ആത്മാവിൽ വിളിക്കുന്നവൻ ആത്മാവിൽ കേൾക്കുന്നു . ആത്മാവിൽ അന്വേഷിക്കുന്നവൻ ആത്മാവിൽ കണ്ടെത്തുന്നു .
രാജ്യത്തിന്റെ നിയമങ്ങൾ ആ രാജ്യത്തുള്ളവർക്കു മാത്രം .
കേൾപ്പാൻ ചെവിയുള്ളവൻ കേൾക്കട്ടെ.