Kainos Ministries
The WORD OF GOD
for the New Generation
A Psalm
മണലാരണ്യം ഭൂമിയിൽ വിരിച്ചവനെ ഓർത്തു സ്തുതിക്കുന്നു,
പാറയെ ഉർവ്വിയിൽ ഉറപ്പിച്ചവനെ ഓർത്തു സ്തുതിക്കുന്നു .
സർവ്വ ജനവുമേ ദൈവത്തെ സ്തുതിക്കുവിൻ.
ഘോരവനത്തിൽ വൻവൃക്ഷത്തോടൊപ്പം പുൽച്ചെടിയെ നിർത്തിയിരിക്കുന്നവനെ ഓർത്തു സ്തുതിക്കുന്നു.
ആകാശത്തിന്റെയും സമുദ്രത്തിന്റെയും അതിർ മനുഷ്യനു വെളിപ്പെടുത്താത്ത ദൈവത്തിന്റെ മഹത്വത്തെ ഓർത്തു അവനെ സ്തുതിക്കുന്നു.
ഒരേ മനുഷ്യനു തന്നെ അനേക ഭാഷകൾ നൽകിയ ദൈവത്തിന്റെ ജ്ഞാനത്തെ ഓർത്തു സ്തുതിക്കുന്നു.
സ്തുതിക്കു യോഗ്യനായവൻ അവൻ തന്നെ .
രാവും പകലും വേർതിരിച്ച ദൈവത്തിന്റെ കൃപയോർത്തു സ്തുതിക്കുന്നു.
അവൻ ദയയുള്ളവൻ .
ദൈവമേ നിന്നെ പുകഴ്ത്തുന്നു.
ജഡത്തിനുള്ളിൽ ആത്മാവിനെയും ആത്മാവിനാൽ ജഡത്തെയും ബന്ധിപ്പിച്ചിരിക്കുന്ന ദൈവജ്ഞാനത്തെ ഓർത്തു അവനെ സ്തുതിക്കുന്നു.
ദൈവമേ നിന്നെ സ്തുതിക്കുന്നു.
കതിരും പതിരും വേർതിരിക്കുന്നവനേ, നിന്നെ സ്തുതിക്കുന്നു.
രാജാവിന് കിരീടവും മന്ത്രിയ്ക്ക് തലപ്പാവും തന്നവനേ, എളിയവനെ നിന്റെ കൈയ്യാൽ നീ താങ്ങുന്നുവല്ലോ .
ദൈവമേ നിന്നെ സ്തുതിക്കുന്നു.
ദൈവമേ നിന്നെ പുകഴ്ത്തുന്നു.
എളിയവൻ നിന്റെ ഭുജബലത്താൽ എഴുന്നേറ്റു നിൽക്കുന്നു .
സൃഷ്ടാവേ നിന്നെ നമിക്കുന്നു.
മഹോന്നതനേ നിന്നെ വാഴ്ത്തുന്നു.
നീ ദയയുള്ളവനാകുന്നുവല്ലോ.
ശിശുക്കൾക്ക് പല്ലു മുളപ്പിക്കുന്ന ദൈവമേ , നീ വൃദ്ധന്മാരുടെ പല്ലു കൊഴിച്ചുകളയുന്നവല്ലോ .
ശിശുക്കൾ വളർന്നു ഓടി നിന്റെ അരികിലേയ്ക്കു വരുന്നു. ദൈവമേ നീ അഭയസ്ഥാനമെന്നു അവരറിയുന്നു.
വൃദ്ധന്മാർ തളർന്നു നിന്റെ ഭുജത്തിലേയ്ക്ക് വീഴുന്നു. നീ തന്നെ രക്ഷാ സങ്കേതമെന്നു അവരറിയുന്നു. .
ദൈവമേ നീ തന്നെ വലിയവൻ .
സത്യത്തെ വെളിപ്പെടുത്തിയ ദൈവമേ , നിന്റെ ജ്ഞാനത്താൽ നീ ഞങ്ങളെ വഴി നടത്തേണമേ.
വ്യാജത്തെ തിരിച്ചറിയാൻ വിവേകം നൽകിയ നിന്റെ നാമത്തെ ഞങ്ങൾ പുകഴ്ത്തുന്നു.
സർവ്വ ജനവുമേ ദൈവത്തെ പുകഴ്ത്തുവിൻ.
സർവ്വ ജനവുമേ ദൈവത്തെ വാഴ്ത്തുവിൻ
സർവ്വ ജനവുമേ ദൈവത്തെ പുകഴ്ത്തുവിൻ.
സർവ്വ ജനവുമേ ദൈവത്തെ വാഴ്ത്തുവിൻ
അവൻ തന്നെ വലിയവൻ .
The above Psalm is revealed on 01.07.2016 Friday @10.30PM