Kainos Ministries
The WORD OF GOD
for the New Generation
“ജാതി ഭേദം മത ദ്വേഷം ഏതുമില്ലാതെ സർവരും സോദരത്വേന വാഴുന്ന മാതൃകാ സ്ഥാനമാണിത്”
“ജാതി ഭേദം മത ദ്വേഷം
ഏതുമില്ലാതെ സർവരും
സോദരത്വേന വാഴുന്ന
മാതൃകാ സ്ഥാനമാണിത്”
ആർഷ ഭാരതത്തിന്റെ ഇന്നത്തെ സ്ഥിതി കാണുമ്പോൾ ഈ വരികൾ ഏതു ഭാഷയിൽ നിന്നുള്ളതാണെന്നു ചിന്തിച്ചു പോകുന്നു.
നാട്ടു രാജാക്കന്മാരുടെയും ചക്രവർത്തിമാരുടെയും കാലം നാമാവശേഷമാക്കിക്കൊണ്ടു ഒരു ജനാധിപത്യ ഭരണ സംസ്കാരം നിലവിൽ വന്നപ്പോൾ വീണു കിടന്ന ജനം എഴുന്നേറ്റു നിന്ന് പാടി.
ഒരു നല്ല വരും കാലത്തെ മുന്നിൽ കണ്ടവരുടെ കണ്ണുകളിൽ നിന്ന് പ്രകാശത്തിന്റെ ബഹിർസ്സ്ഫുരണങ്ങൾ ഉണ്ടായി. സ്നേഹവും സമാധാനവും സാഹോദര്യവും മുന്നിൽ കണ്ട അവർ കഠിനാധ്വാനം ചെയ്തു; അടിമത്വത്തിന്റെ അമിക്കയാർ പൊട്ടിക്കുവാൻ സഹനത്തിന്റെ പടവാൾ കയ്യിലെടുത്തു. ഔന്ന്യത്യത്തിന്റെ മാതൃക എന്നേക്കും നില നിൽക്കുന്നത് തന്നെ എന്ന് തെളിയിച്ചു കൊണ്ട് സ്വാതന്ത്ര്യത്തിന്റെ വിജയക്കൊടി പാറി.
ഇതിനിടയിൽ താൽക്കാലികമായി ഒളിഞ്ഞു കിടന്ന ഉച്ച നീചത്വ , അടിമ ഉടമത്വ, അവർണ-സവർണ ദുഷ്ട സംസ്കാരം സാധ്യതയ്ക്കു വേണ്ടി തലപൊക്കി നോക്കി. തങ്ങളിലൊരുവനെ തങ്ങളുടെ നേതാവാക്കിയാൽ അവൻ തങ്ങളെപ്പോലെ തന്നെ എന്ന് തിരിച്ചറിയാൻ കഴിയാത്ത മാനവ ബുദ്ധിയെ തകർക്കാൻ ഏറ്റവും എളുപ്പമാണെന്ന നിത്യ സത്യത്തെ തിരിച്ചറിയാവുന്ന ദുഷ്ട സംസ്കാരം തന്റെ തല കൂടുതൽ ഉയർത്തി.
വക്രതയുടെ പുകഴ്ചകളും സമ്മാനങ്ങളും ദുർലാഭ മോഹികളെ അലങ്കരിച്ചു സമ്പന്നരാക്കി. പുറത്തു പറയുന്ന നിയമങ്ങളെക്കാൾ അധികമായി വെളിച്ചം കാണാത്ത ഉപനിയമങ്ങൾ വാഴ്ച നടത്തി. ഗോത്രങ്ങളും വംശങ്ങളും വഴിമാറി, ജാതികളും ഉപജാതികളുമായി. പണം കൊണ്ട് പഴുതുകൾ അടച്ചു സത്യത്തെ മറച്ചു വയ്ക്കാനും താണു കിടക്കുന്നവന്റെ ഇല്ലായ്‌മയെ സ്ഥിരപ്രതിഷ്ഠയാക്കാനും കുരുട്ടു ബുദ്ധികളുടെ മനസ്സ് മത്സരിച്ചു.
ബലവാൻ ദുർബലനെ കരുതുന്ന വികാരത്തെ ഉന്നതിയിൽ നിന്ന് സ്നേഹമെന്നു പേരിട്ടു നൽകിയപ്പോൾ അന്ധത ബാധിച്ച കുരുട്ടു ബുദ്ധികൾ അത് സ്ത്രീയോടുള്ള പുരുഷന്റെ ആസക്തിയാക്കി മാറ്റി. തകർന്നു പോകുന്ന സ്ത്രീത്വം വ്യഭിചാരത്തിന് വഴിമാറിക്കൊടുത്തു.
നീതിയെ മറിച്ചു കളയുന്ന നിയമങ്ങൾ രാജ്യത്തിനു അലങ്കാരമായി മാറി. ധനം അധികാരം കയ്യിലെടുത്തത് ജനം അറിഞ്ഞും അറിയാതെയും അംഗീകരിച്ചു കൊടുത്തു. വീടിന്റെ അകത്തളങ്ങളിൽ നിന്ന് ആർത്ത നാദങ്ങൾ ഉയരുന്നത് കരിങ്കൽ ഭിത്തികളിൽ തട്ടി പ്രതിധ്വനിച്ചതല്ലാതെ പുറം ലോകം കേട്ടില്ല. ഭാവനാതത്പരരായവരുടെ വാർത്താപ്രചാരണങ്ങൾ സത്യത്തെ മായിച്ചു കളഞ്ഞു.
തെരു വീഥികളിൽ യോദ്ധാക്കൾ പിടഞ്ഞു വീണപ്പോൾ രാജ്യ സ്നേഹികൾ വന്യ മൃഗങ്ങൾക്കു വേണ്ടി മുദ്രാവാക്യം മുഴക്കി. സമത്വ വാദികൾ വൃദ്ധനും ശിശുവിനും ഒരേ ഇരിപ്പിടം കൊടുത്തു. പ്രകൃതി സ്നേഹികൾ മനുഷ്യനും മൃഗത്തിനും തുല്യ സ്ഥാനം എന്ന് വാദിച്ചു. ആർത്ത നാദങ്ങളും രോദനങ്ങളും ഉച്ചഭാഷിണിയുടെ ഘോര ശബ്ദത്തിൽ ലയിച്ചു പോയി .
സമത്വ സുന്ദരമായ രാജ്യമെന്നുള്ള ഘോഷണം ജ്ഞാനിയുടെ ചെവികളിലേയ്ക്ക് കുറുക്കന്റെ ഓലിയിടൽ പോലെ അലോസരമുണ്ടാക്കി കടന്നു വരുന്നു.:
“ജാതി ഭേദം മത ദ്വേഷം
ഏതുമില്ലാതെ സർവരും
സോദരത്വേന വാഴുന്ന
മാതൃകാ സ്ഥാനമാണിത്”
ഏത്??
The above Word of God is Revealed on Wednesday, 20 July 2016 @08.30pm