Kainos Ministries
Testimony
Pheba Hanna
Director of Ministries
ഒരു പാമ്പ് ഇഴഞ്ഞു പോകുന്നത് ഞാൻ കാണുന്നുണ്ട്.
അത് ചേരയാണോ? വിഷസർപ്പമാണോ? എന്ന് എനിക്ക് തിരിച്ചറിയാൻ കഴിയുന്നില്ല. എന്തായാലും പാമ്പ് പാമ്പ് തന്നെ .
കർത്താവ് സൃഷ്ടിച്ച കാട്ടു ജന്തുക്കളിൽ പാമ്പ് കൗശലക്കാരനായിരുന്നു എന്ന് തിരുവചനം എന്നെ കാണിച്ചു തന്നു .
കാട്ടു ജന്തുക്കളും നാട്ടു ജന്തുക്കളും.
കാടുമായി നല്ല അടുപ്പമുള്ള എനിക്ക് നാട്ടിലാണ് കൂടുതൽ പാമ്പിനെ കാണുവാൻ കഴിഞ്ഞിട്ടുള്ളത്.
എന്റെ ബാല്യ കാലം.
എന്റെ കുടിലിനു മുകളിലും, മുറ്റത്തും, പറമ്പിലും ധാരാളം പാമ്പുകളെ ഞാൻ കണ്ടിട്ടുണ്ട്. ഞാനും എന്റെ സഹോദരനും കൂടി മിക്ക ദിവസങ്ങളിലും പലയാവർത്തി പാമ്പുകളെ കൊന്നിട്ടുണ്ട്.
പാമ്പുകളെ കണ്ടാൽ കൊല്ലുക എന്നത് ഞങ്ങൾ ശീലമാക്കി.
കുടിൽ മാറി വീടായപ്പോഴും ബാല്യം കഴിഞ്ഞു കൗമാരത്തിൽ കടന്നപ്പോഴും ഈ പാമ്പ് ശല്യവും, അതിനെ കൊല്ലുന്നതും ഞങ്ങളിൽ നടന്നു കൊണ്ടിരുന്നു. അപ്പോഴൊക്കെയും ഞാൻ ചിന്തിച്ചു; എന്തുകൊണ്ട് ഈ വീട്ടിൽ മാത്രം ഇത്രയും പാമ്പ് ശല്യം?
ഞാനൊരിക്കലും പാമ്പിനെ ഭയന്നിട്ടില്ല. ജാഗ്രതയോടെ, സൂക്ഷ്മതയോടെ ധാരാളം പാമ്പുകളെ ഞാൻ കൊന്നിട്ടുണ്ട്.
അപ്പോഴൊക്കെയും ഇതേ ചോദ്യം എന്റെ ഉള്ളിൽ ഉയരുന്നുണ്ടായിരുന്നു. എന്തുകൊണ്ട് ഇവിടെ മാത്രം ഇത്ര പാമ്പ് ശല്യം?
അങ്ങനെ ഞാൻ എന്റെ കുടുംബാംഗങ്ങളേയും ശ്രദ്ധിക്കാൻ തുടങ്ങി. പാമ്പുകളെ കണ്ടപ്പോഴേ വീട്ടിൽ എന്തൊക്കെയോ കുഴപ്പങ്ങൾ ഉണ്ടെന്നു തോന്നിയിരുന്നു. പക്ഷെ അത് ഞാൻ ആരോടും പറഞ്ഞില്ല. അസ്വാഭാവികമായി എന്തൊക്കെയോ വീട്ടിൽ നടക്കുന്നുണ്ട് എന്ന് ഞാൻ അറിയുന്നുണ്ടായിരുന്നു - ദൈവീകമല്ലാത്ത എന്തോ ഒന്ന്.
എന്റെ സഹോദരങ്ങളുടെയും മാതാപിതാക്കളുടെയും ധാരാളം നന്മകൾ ഞാൻ കണ്ടിട്ടുണ്ട്. എങ്കിലും ഞാൻ ഉൾപ്പടെ എല്ലാവരും തിന്മ പ്രവർത്തിക്കുന്നത് ഞാൻ അറിഞ്ഞു കൊണ്ടിരുന്നു. സ്വര ചേർച്ചയില്ലായ്മയും, കലഹവും, അടിയും സ്ഥിരമായി. എങ്കിലും ഇത് കഴിഞ്ഞു ഉടൻ തന്നെ ഞങ്ങൾ ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കുമായിരുന്നു. കുഴപ്പങ്ങൾ ധാരാളം ഞാൻ എന്റെ വീട്ടിൽ കണ്ടു. എന്റെ പൂർവ പിതാക്കന്മാരുടെ കുഴപ്പങ്ങളും ഞാൻ പറഞ്ഞു കേട്ടിട്ടുണ്ട്, ധാരാളം. നന്മയെക്കാളധികം തിന്മകളെക്കുറിച്ചാണ് ഞാൻ കേട്ടിട്ടുള്ളതധികവും.
തിന്മ തിരിച്ചറിയുന്നുണ്ടായിരുന്നെങ്കിലും നന്മയെക്കുറിച്ചു പറവാൻ എനിക്ക് വാക്കുകളില്ലായിരുന്നു. നന്മയുടെ സ്വഭാവങ്ങൾ കാണിച്ചു കൊടുക്കാൻ എനിക്ക് തെളിവുകളില്ലായിരുന്നു. തിന്മ കണ്ടപ്പോൾ ഞാൻ പ്രതികരിക്കാൻ തുടങ്ങി. ഞാൻ കോപിഷ്ഠയായി. എല്ലാവരും എന്നെ അഹങ്കാരി എന്ന് വിളിച്ചു. എല്ലാവരും എന്നെ ഒറ്റപ്പെടുത്തി. ഇതിനിടയിൽ ഞങ്ങൾ സഹോദരങ്ങൾ പരസ്പരം ഭിന്നിക്കുന്നതു ഞാൻ കണ്ടിരുന്നു.
സഹായത്തിനു ആരുമില്ല, നന്മ ഉപദേശിക്കുന്നവരെ ഞാൻ കണ്ടില്ല. തിന്മയെ ചോദ്യം ചെയ്യുന്നവർ എന്റെ വീട്ടിൽ വന്നില്ല. തെറ്റു തിരുത്തിത്തരാൻ ആരുമില്ലായിരുന്നു.
എല്ലാവരെയും കൂട്ടിച്ചേർക്കാം; എല്ലാവരും ഒന്നിച്ചു കൂടി ഒന്നിച്ചു ഭക്ഷണം ഉണ്ടാക്കി കഴിച്ചു തിന്മയുടെ പ്രവർത്തനത്തെക്കുറിച്ചു പറയണമെന്ന് പലയാവർത്തി ചിന്തിച്ചു; ശ്രമിച്ചു. പക്ഷെ അത് ഞാൻ മനസ്സിൽ വിചാരിച്ചപ്പോഴേക്കും, പ്ലാൻ ചെയ്തപ്പോഴേക്കും, അവരെല്ലാം ഒറ്റക്കെട്ടായി എന്നെ പുറത്താക്കി. എന്റെ ആഗ്രഹം അവരോടു പറയാൻ സാധിച്ചില്ല.
ഞാൻ ഉപേക്ഷിക്കപ്പെട്ടപ്പോൾ, ഞാൻ തള്ളപ്പെട്ടപ്പോൾ ഞാൻ നിലവിളിച്ചു. ദൈവമേ എന്റെ മനസ്സ് ആരും കാണുന്നില്ലല്ലോ. എന്റെ മനസ്സ് ആരും തിരിച്ചറിയുന്നില്ലല്ലോ. എന്നെ വഴി നടത്തണമേ. എനിക്കാരുമില്ല.
എന്റെ പ്രാർത്ഥന ദൈവം കേട്ടു. സ്നേഹം എന്നെ ചേർത്ത് കണ്ടു. യേശുവിന്റെ സ്നേഹത്തിൽ നന്മയുടെ പാഠങ്ങൾ എനിക്ക് വെളിപ്പെടുത്തി. തിന്മ എന്താണെന്ന് എനിക്ക് കാണിച്ചു തന്നു -
പൈശാചിക പ്രവർത്തനം.
പിശാച് എന്റെ വീട് തകർത്തു.
പിശാച് ഞങ്ങളുടെ കുടുംബം തകർത്തു.
പിശാച് എന്റെ സഹോദരിയെ കൊല്ലിച്ചു.
പൈശാചിക പ്രവർത്തനത്തെക്കുറിച്ചു അറിയാവുന്ന എനിക്ക് എന്റെ വീടിനു വേണ്ടി ഒന്നും ചെയ്യാൻ കഴിയുന്നില്ല.
ഞാൻ പറയുന്നത് അവർ കേൾക്കില്ല,
ബൈബിൾ അവർക്കറിയില്ല.
സത്യദൈവത്തെ അറിയില്ല.
ദൈവസ്നേഹത്തെ അവർക്കറിയില്ല.
അവരിന്നും നാശത്തിന്റെ പാതയിൽ തന്നെ. യേശുവേ രക്ഷിക്കണേ.
കരയാൻ മാത്രമേ എനിക്ക് കഴിയൂ.