Kainos Ministries
എഴുത്തുകാരി
ഒരു ദിവസം ദൈവമെന്നോടു പറഞ്ഞു , നീ പി വി തമ്പിയെപ്പോലെ എഴുതണം. നീ എനിക്ക് വേണ്ടി എഴുതണം. രണ്ടു പേനയും കർത്താവെനിക്കു വാഴ്ത്തി അനുഗ്രഹിച്ചു തന്നു .
ദൈവഹിതം കേട്ടപ്പോൾ വാസ്തവത്തിൽ ഞാൻ പകച്ചു പോയി. യാതൊരു ഭാഷാ പരിജ്ഞാനവുമില്ലാത്ത ഞാൻ എഴുതുക എന്ന് പറഞ്ഞാൽ !!!!!
എനിക്ക് ചിന്തിക്കുവാൻ കൂടി അസാധ്യം!!!
പി വി തമ്പിയുടേതെന്നു മാത്രമല്ല ആരുടേയും തന്നെ ശ്രേഷ്ഠമായ യാതൊരു സാഹിത്യ രചനകളും ഞാൻ വായിച്ചിട്ടില്ല .
ഇടയ്ക്കു വച്ച് മുറിഞ്ഞു പോയ വിദ്യാഭ്യാസം എന്റെ ആത്മ വിശ്വാസം തകർത്തു കളയുന്നതായിരുന്നു.
പിന്നീട് ഞാൻ ജീവിക്കാനുള്ള അലച്ചിലിൽ വൈദ്യ ശാസ്ത്രത്തിന്റെ കയ്യിലകപ്പെട്ടു . മനം മടുപ്പിക്കുന്ന രക്തത്തിന്റെ രൂക്ഷ ഗന്ധവും , മനസ്സു മരവിപ്പിക്കുന്ന മരണത്തിന്റെ തണുപ്പും ജീവന് വേണ്ടിയുള്ള ഞരക്കങ്ങളും ഞാനവിടെ അനുഭവിക്കുകയും കാണുകയും കേൾക്കുകയും ചെയ്തു. ശുശ്രുഷിക്കേണ്ട ഡോക്ടർമാരുടെ വ്യാജ സ്വഭാവം ഞാനവിടെ കണ്ടു. ജീവന് വേണ്ടിയുള്ള വില പേശൽ ഞാനവിടെ കേട്ടു. പരിചരണം കിട്ടാതെ നിശ്ചലമായ നിർജീവ ശരീരം ഞാനവിടെ കണ്ടു. വാസ്തവത്തിൽ ലോകത്തിന്റെ മുഖം ഒരു കണ്ണാടിയിലെന്നപോലെ ദൈവമെന്നെ കാണിക്കുകയായിരുന്നു. എന്നുമവിടെ മിനുക്കു പണികളുണ്ടായിരുന്നു.
വ്യാജത്തിൽ കാലുകളെ ഉറപ്പിക്കാനാവില്ല എന്ന് ഞാൻ തിരിച്ചറിഞ്ഞു. കാൽച്ചുവട്ടിലെ മണ്ണ് ഇളകിയപ്പോൾ ഞാൻ ഓടി….. എതിർദിശകളുടെ കാന്തിക സ്വഭാവം പോലെ…..
പാപത്തെ വിട്ടൊഴിഞ്ഞു വിശുദ്ധിയിലേക്കുള്ള പ്രയാണം……
എങ്കിലും പിന്നിൽ നിന്നൊരു കൊളുത്തു വലിക്കുന്നുണ്ടോ? ? എനിക്കൊരു സംശയം.!!
ബലത്തിനായി ഞാൻ കേഴുന്നു.
ദുർബലമായ കൈകളിൽ ഞാനെങ്ങനെ പേന പിടിക്കും? കാണുന്ന കാഴ്ചകളും കേൾക്കുന്ന കേൾവികളുമല്ലാതെ ഞാനെന്തെഴുതും? പെണ്ണായി പിറന്ന ഞാനെങ്ങനെ മറുതലിക്കും?
എന്റെ അന്തരാത്മാവിൽ വെളിപ്പെടുന്ന നിഗൂഢ സത്യങ്ങളെ തുറന്നെഴുതാനുള്ള ഭാഷാപരിജ്ഞാനം എനിക്കില്ല. എനിക്ക് വെളിപ്പെടുന്ന സത്യങ്ങൾ തുറന്നെഴുതാനുള്ള വാക്കുകൾ എനിക്കറിയില്ല .ഒന്ന് ഞാൻ തിരിച്ചറിയുന്നു. അഹങ്കാരത്തിന്റെ ഗോപുരത്തെ തകർത്തു കളഞ്ഞപ്പോൾ ഒന്നായിരുന്ന ഭാഷയെ ദൈവം കലക്കിക്കളഞ്ഞു എന്നത് സത്യം തന്നെ .
ഭാഷകൾ വിഘടിക്കുന്നതു ഒരു വീട്ടിലും ഒരു സമൂഹത്തിലും മാത്രമല്ല ലോകത്താകമാനം ഞാൻ കാണുന്നുണ്ട്. ആത്മാവിന്റെ ഹിതം വെളിപ്പെടുത്താൻ തക്ക ഭാഷ ഈ ലോകത്തു കുറിക്കപ്പെട്ടിട്ടില്ല . അത് അക്ഷരങ്ങളാകുന്നതിനു മുൻപേ കലങ്ങിപ്പോയി. (ഉത്പത്തി 11:1-9)
പ്രശസ്തരായ എഴുത്തുകാരുടെ പേരുകൾ കേൾക്കുമ്പോൾ ഭയ ഭക്തി ബഹുമാനത്തോടെ നാമവരെ സ്മരിക്കുന്നു.
പി. വി. തമ്പിയെപ്പോലെ എഴുതണമെന്നു പറഞ്ഞപ്പോൾ ഞാൻ പകച്ചു. പി. വി. തമ്പിയുടെ എന്ന് മാത്രമല്ല പ്രശസ്തരുടെ ആരുടേയും തന്നെ ശ്രേഷ്ഠ സാഹിത്യ രചനകൾ വായിക്കാത്ത ഞാനെന്തിനു പകച്ചു ?
എനിക്കറിയില്ല.
എന്റെ അറിവില്ലായ്മയിൽ നിന്ന് എനിക്ക് വന്നു ഭവിക്കുന്ന അനർത്ഥങ്ങളെ ദൈവം എനിക്ക് ചൂണ്ടിക്കാണിക്കുകയായിരുന്നു.
അവൻ പറയുന്നതാണെന്റെ അക്ഷരങ്ങൾ. അവൻ പറയുന്നതാണെന്റെ സാഹിത്യം . ഞാൻ തന്നെയും അവന്റേതാകുന്നുവല്ലോ.
എന്റെ എഴുത്തു പുരയിൽ അവന്റെ ശബ്ദം മാത്രം മുഴങ്ങിക്കേൾക്കട്ടെ. അഹങ്കാരികളെ കലക്കിക്കളയുന്ന ,
തകർന്നവരെ പുതുക്കിപ്പണിയുന്ന,
മരിച്ചവരെ പുനർജ്ജീവിപ്പിക്കുന്ന ജീവന്റെ ഭാഷ.
Pheba Hanna is the Ministries Director at Kainos Ministries.
This testimony has been revealed on 2016 August 6 @1.45 pm